താളുകള്‍

ബുധനാഴ്‌ച, മാർച്ച് 20, 2013

ഈശ്വര ചിന്തയിതൊന്നേ...

ചിത്രം : ഭക്തകുചേല(1961)
രചന : തിരുനയനാര്‍ കുറിച്ചി മാധവൻ നായർ     
സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍ 
ആലാപനം : കമുകറ പുരുഷോത്തമന്‍

ഈശ്വര ചിന്തയിതൊന്നേ മനുജന്

ശാശ്വതമീയുലകിൽ... 
ഇഹപരസുകൃതം ഏകിടുമാർക്കും 
ഇതു സംസാര വിമോചനമാർഗ്ഗം...

കണ്ണിൽ കാണ്മതു കളിയായ്‌ മറയും 

കാണാത്തതു നാം എങ്ങനെ അറിയും?
ഒന്നു നിനയ്ക്കും മറ്റൊന്നാകും 
മന്നിതു മായാനാടകരംഗം... 

പത്തു ലഭിക്കിൽ നൂറിനു ദാഹം...  

നൂറിനെ ആയിരമാക്കാൻ മോഹം...  
ആയിരമോ പതിനായിരമാകണം...  
ആശയ്ക്കുലകിതിൽ അളവുണ്ടാമോ? 

കിട്ടും വകയിൽ തൃപ്തിയാകാതെ, 

കിട്ടാത്തതിനായ് കൈനീട്ടാതെ, 
കർമ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം 
കർമ്മഫലം തരും ഈശ്വരനല്ലോ! 


  

ഞായറാഴ്‌ച, മാർച്ച് 03, 2013

കറുത്ത രാവിന്റെ...

ചിത്രം : നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക(2001) 
രചന : മുല്ലനേഴി 
സംഗീതം : ജോണ്‍സന്‍ 
ആലാപനം : ജി വേണുഗോപാല്‍ 

കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്തമുത്ത് 
കടല്‍ കടന്നും കണ്ണീര്‍ കടഞ്ഞും പിറന്ന മുത്ത് 
വെളുത്തമുത്തിനു തണലു നല്‍കാന്‍ നീലക്കുടയുണ്ട് 
വെളുത്തമുത്തിനു കിടന്നുറങ്ങാന്‍ വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിന് തപസ്സിരുന്നൂ താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാന്‍ താരകപ്പൊന്ന്
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി 
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ

കണ്ണുതുറന്നപ്പോള്‍ അന്തിപ്പെണ്ണിനെ കണ്ടുമോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവന്‍ കുതികുതിച്ചു
കുതിച്ചുചെന്നപ്പോള്‍ ഇരുളിന്‍ കൂരയില്‍ അവളൊളിച്ചൂ
മദിച്ചുവന്നൊരു മുത്തോ കടലിന്‍ മടിയില്‍ വീണൂ

                  

ശീതളമാം വെണ്ണിലാവു ചിരിച്ചൂ...

ചിത്രം : അരയന്നം (1981)
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : പുകഴേന്തി  
ആലാപനം : കെ ജെ യേശുദാസ് 

ശീതളമാം വെണ്ണിലാവു ചിരിച്ചൂ...പ്രേമ-
മാതളപ്പൂ മണമൊഴുകും കാറ്റടിച്ചൂ...
കുടിലില്‍ നിന്നും ഇടയബാലന്‍ മുരളി വായിച്ചൂ...
വരിക സഖീ നീ നിന്റെ വാതയനത്തില്‍...

രാത്രിമുല്ല പൂത്തുനില്‍ക്കും നിന്റെ വാടിയില്‍ 
രാഗമൂകനാം നിന്റെ കാമുകന്‍ നില്‍പ്പൂ...
നിന്‍ സഖിമാരറിയാതെ കൈവളകള്‍ കിലുങ്ങാതെ 
നിന്‍ കിളിവാതില്‍ നീ തുറന്നാലും... 

കല്‍പ്പന തന്‍ സരസ്സിലെ രാഗമരാളം 
സ്വപ്നമാകും പൂഞ്ചിറകു വീശി വീശി... 
മധുരദര്‍ശനേ നിന്റെ മന്ദിരോപാന്തത്തിലിന്ന്
വിരഹദുഃഖവുമായ് കാത്തുനില്‍ക്കുന്നൂ...           



പൊട്ടിക്കാന്‍ ചെന്നപ്പോള്‍...

ചിത്രം : ഓപ്പോള്‍ (1981) 
രചന : പി ഭാസ്ക്കരന്‍ 
സംഗീതം : എം ബി ശ്രീനിവാസന്‍ 
ആലാപനം : കെ ജെ യേശുദാസ് 

പൊട്ടിക്കാന്‍ ചെന്നപ്പോള്‍ പൂങ്കൊടി ചോദിച്ചൂ 
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ...?
കെട്ടിപ്പിടിച്ചുകൊണ്ടിളം കാറ്റ് പറഞ്ഞൂ 
മുറ്റത്തെ മുല്ലയ്ക്കേ മണമുള്ളൂ...!   

മുത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങു ചൊല്ലീ 
തെക്കേലെ കരിക്കിനെ മധുരമുള്ളൂ...
ആഞ്ഞിലിക്കൊമ്പത്തെ മുളന്തത്ത പാടി 
അങ്ങേലെപ്പെണ്ണിനേ അഴകുള്ളൂ...

ഇന്നലെ കണ്ട കിനാവുകള്‍ ഞാനെന്റെ 
പൊന്നിട്ട പെട്ടകത്തില്‍ പൂട്ടിവച്ചൂ... 
കണ്ടാല്‍ ചിരിക്കുന്ന കള്ളത്തിയൊരുത്തി
കണ്മുനത്താക്കോലാല്‍ കവര്‍ന്നെടുത്തൂ...

        



ശനിയാഴ്‌ച, മാർച്ച് 02, 2013

ശുഭരാത്രി...

ചിത്രം : വളര്‍ത്തുമൃഗങ്ങള്‍(1981)
രചന : എം ടി വാസുദേവന്‍ നായര്‍
സംഗീതം : എം ബി ശ്രീനിവാസന്‍
ആലാപനം : കെ ജെ യേശുദാസ്

ശുഭരാത്രി...ശുഭരാത്രി...
നിങ്ങള്‍ക്കു നേരുന്നൂ...ശുഭരാത്രി...
ഊരുതെണ്ടുമൊരേകാന്തപഥികനു
കാവല്‍നില്‍ക്കും താരസഖികളേ...
നിങ്ങള്‍ക്കു നന്ദീ...ശുഭരാത്രി...        

പുരാണകിലയുടെ മൈതാനത്തില്‍
ചുവന്നജയപുരിയില്‍...
സിന്ധുതടത്തില്‍ പൂര്‍ണീകരയില്‍
എന്നും മേല്‍പ്പുരയെനിക്കുനല്‍കിയ
നീലവാനമേ...
നിന്‍റെ കൈവിളക്കൊളി കണ്ടുമയങ്ങാന്‍
അനുമതി തന്ന മനസ്സിനു നന്ദി...ശുഭരാത്രി...      

പകലുകള്‍ വെള്ളിപ്പറവകളെങ്ങോ
പറന്നകന്നൂ...
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം
കഴിഞ്ഞു തേങ്ങീ...
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങീ...
അഭയം കാണാതുഴറും പഥികന്
കൂട്ടിരിക്കും താരസഖികളേ...
നിങ്ങള്‍ക്കു നന്ദീ...
ശുഭരാത്രി...      
                                       

ഏണിപ്പടികള്‍...

ചിത്രം :  അഗ്നിപര്‍വ്വതം(1979)
രചന : ശ്രീകുമാരന്‍ തമ്പി 
സംഗീതം : പുകഴേന്തി
ആലാപനം : പി ജയചന്ദ്രന്‍

ഏണിപ്പടികള്‍ തകര്‍ന്നുവീണാല്‍
ഏറുവതെങ്ങനെ ഞാന്‍...
ഈ ജീവിതമാം നോമ്പരഗോപുരം  
ഏറുവതെങ്ങനെ ഞാന്‍...
ഓമനേ...ഓമനേ...

കടത്തുവഞ്ചി നീ താണുകഴിഞ്ഞാല്‍
കടക്കുമെങ്ങിനീ കണ്ണീര്‍നദി...
തണ്ണീര്‍പ്പന്തലും വെയിലിലെരിഞ്ഞാല്‍
താണ്ടുവതെങ്ങനീ ഗ്രീഷ്മഭൂമി...

പ്രതിജ്ഞ ചെയ്തു നാം 'ഒന്നായ് കഴിയാം'
മരിച്ചു ചെല്ലുന്ന ലോകത്തിലും...
കുത്തുവിളക്കിനെ ഇരുളിലാക്കീ
പൊന്‍തിരിനാളം പൊലിഞ്ഞിടാമോ...     

          




പനിനീരു തൂവുന്ന...

ചിത്രം : മുതലാളി(1965)
രചന : പി ഭാസ്ക്കരന്‍
സംഗീതം : പുകഴേന്തി
ആലാപനം : കെ ജെ യേശുദാസ്  


പനിനീരു തൂവുന്ന പൂനിലാവേ
പതിനേഴു താണ്ടിയ പെണ്‍കിടാവേ
മാനസം കണികാണും മാരിവില്ലേ
മായല്ലേ...നീയെന്‍റെ ജീവനല്ലേ...

ഇല്ലില്ലംകാവിലിന്ന് കാത്തിരുന്നൂ-പിന്നെ-
അല്ലിപ്പൂകുളങ്ങരെ കാത്തിരുന്നൂ...
കാണുന്ന നേരത്ത് നാണിപ്പതെന്തിനോ
കാനനക്കിളിപോലെ ഓടുന്നതെന്തിനോ...!

പൂവായ പൂവെല്ലാം ചേര്‍ത്തുവച്ചൂ-നിന്നെ-
പൂജിക്കാന്‍ പൂമാല കോര്‍ത്തുവച്ചൂ...
ആശതന്‍ കോവിലില്‍ അനുരാഗദീപത്തില്‍
ആയിരം തിരിയുമായ്‌ കാക്കുന്നു നിന്നെ ഞാന്‍...

                                    




ചിരിക്കുന്ന നിലാവിന്‍റെ...

ചിത്രം : കാട്ടിലെ പാട്ട് (1982)
രചന : മുല്ലനേഴി
സംഗീതം : കെ രാഘവന്‍
ആലാപനം : കെ ജെ യേശുദാസ്


ചിരിക്കുന്ന നിലാവിന്‍റെ കണ്ണുനീര്‍പ്പാടം-കൊയ്യാന്‍-
കൊതിക്കുന്ന വിധിയുടെ തടവുകാരന്‍...

ഉറങ്ങാത്ത രാവുകള്‍ ഉണങ്ങാത്ത മുറിവുകള്‍
പാതിചീന്തിയൊരാത്മാവിന്‍ പ്രാണവേദനകള്‍...

മയങ്ങുന്ന പാവതന്‍ വിതുമ്പുന്ന ചുണ്ടുകള്‍
തഴുകലിലലിയാന്‍ നീളും വിരലുകള്‍ തേടി...