താളുകള്‍

ബുധനാഴ്‌ച, മേയ് 11, 2011

സുന്ദരസ്വപ്നമേ...

ചിത്രം : ഗുരുവായൂര്‍ കേശവന്‍(1977)
രചന : പി ഭാസ്കരന്‍
 
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്,പി ലീല 


സുന്ദരസ്വപ്നമേ 
നീയെനിക്കേകിയ
വര്‍ണ്ണച്ചിറകുകള്‍ വീശി
പ്രത്യുഷ നിദ്രയിലിന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറി

രാഗസങ്കല്പ വസന്തവനത്തിലെ
മാകന്ദമഞ്ജരി തേടി
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ

താരുണ്യസങ്കല്പ രാസവൃന്ദാവന-
താരാപഥങ്ങളിലൂടെ
പൌര്‍ണമിത്തിങ്കള്‍ ത്തിടമ്പെഴുന്നള്ളിക്കും
പൊന്നമ്പലങ്ങളിലൂടെ
പൂത്താലമേന്തിയ താരകള്‍ നില്‍ക്കുന്ന
ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാ,നെല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ






മരണദേവനൊരു വരം കൊടുത്താല്‍...

ചിത്രം : വിത്തുകള്‍(1971)
രചന : പി ഭാസ്കരന്‍
സംഗീതം : പുകഴേന്തി
ആലാപനം : കെ ജെ യേശുദാസ്


മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരു ദിനം തിരിച്ചുവന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും
ചിരിച്ചവര്‍ കണ്ണീര്‍ പൊഴിക്കും


അനുതാപ നാടകവേദിയില്‍ നടക്കും-
അഭിനയം കണ്ടവര്‍ പകയ്ക്കും
അടുത്തവര്‍ അകലും
അകന്നവര്‍ അടുക്കും
അണിയും വേഷം ചിലര്‍ അഴിക്കും


അജ്ഞാതമാനസ മരണപ്രപഞ്ചത്തില്‍
അരമന രഹസ്യങ്ങള്‍ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത കഥകള്‍ അവര്‍ ചൊല്ലും



ഞായറാഴ്‌ച, മേയ് 08, 2011

നഷ്ടസ്വര്‍ഗങ്ങളേ...

ചിത്രം : വീണപൂവ്(1983)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വിദ്യാധരന്‍ 
ആലാപനം : കെ ജെ യേശുദാസ്


നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
നഷ്ടസ്വര്‍ഗങ്ങളേ...

മനസ്സില്‍ പീലിവിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡപൂജാരിയിന്നെവിടെ
അകന്നേ പോയ്‌...മുകില്‍ അലിഞ്ഞേ പോയ്‌
അനുരാഗമാരിവില്‍ മറഞ്ഞേപോയ്‌...
നഷ്ടസ്വര്‍ഗങ്ങളേ...

കരളാലവളെന്‍ കണ്ണീരുകോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതീ
ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍ കൊഴിഞ്ഞൊരെന്‍ കാല്പാടില്‍
വീണപൂവായ് അവള്‍ പിന്നെ
അകന്നേ പോയ്‌...നിഴല്‍ അകന്നേ പോയ്‌
അഴലിന്റെ കഥയതു തുടര്‍ന്നേപോയ്‌
നഷ്ടസ്വര്‍ഗങ്ങളേ...

ഹൃദയം ദേവാലയം...

ചിത്രം : തെരുവുഗീതം(1979)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ജയവിജയ
ആലാപനം : കെ ജെ യേശുദാസ്


ഹൃദയം ദേവാലയം
പോയവസന്തം നിറമാല ചാര്‍ത്തും
ആരണ്യദേവാലയം
മാനവഹൃദയം ദേവാലയം
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം
മാനവഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പു ചാര്‍ത്താറുണ്ടിവിടെ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ...ഓര്‍മ്മകള്‍
ശീവേലി കൂടാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയ ഗുഹാക്ഷേത്രം
മാനവഹൃദയം ദേവാലയം



ചന്ദ്രകളഭം...

ചിത്രം : കൊട്ടാരം വില്‍ക്കാനുണ്ട്(1975)
രചന : വയലാര്‍ രാമവര്‍മ  
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്


ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കോഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി


ഈ നിത്യ ഹരിതയം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വര്‍ണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ...വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ


ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ  
വസുന്ധരേ...വസുന്ധരേ...
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

                    

വ്യാഴാഴ്‌ച, മേയ് 05, 2011

നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ...

ചിത്രം : ഉള്‍ക്കടല്‍(1979)
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : എം എസ് വിശ്വനാഥന്‍
ആലാപനം : കെ ജെ യേശുദാസ്

നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതീ ലാവണ്യമേ...

മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പൂ
വരൂ...നീ വരൂ...
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പൂ
ഭദ്രദീപം ഞാന്‍ ഒരുക്കി നില്പൂ...
എന്‍ ഗ്രാമ ഭൂമി തന്‍ സീമന്ത രേഖയില്‍
കുങ്കുമപ്പൂങ്കുറി ചാര്‍ത്തും പോലെ...

സന്ധ്യതന്‍ ചുംബനമുദ്രപോല്‍...
സന്ധ്യതന്‍ ചുംബനമുദ്രപോല്‍...
സുസ്മിത സ്പന്ദനംപോല്‍...
നീ കടന്നു വരൂ....
എന്‍റെ മനസ്സിന്‍റെ അങ്കണമാകെ
നീ വര്‍ണ്ണാങ്കിതമാക്കൂ

നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്‍റെ ശാരോണ്‍ താഴ്വരയിലെ പൊന്നുഷ-
സങ്കീര്‍ത്തനമാക്കൂ...




സന്ധ്യ മയങ്ങും നേരം...

ചിത്രം : മയിലാടും കുന്ന്(1972).
രചന : വയലാര്‍ രാമവര്‍മ.
സംഗീതം : ജി ദേവരാജന്‍.
ആലാപനം : കെ ജെ യേശുദാസ്.

സന്ധ്യ മയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം
ബന്ധുരെ...രാഗ ബന്ധുരെ...
നീ എന്തിനീ വഴി വന്നൂ
എനിക്കെന്തു നല്‍കാന്‍ വന്നൂ...

കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ...
കടത്തുതോണികളില്‍ ആളെക്കയറ്റും
കല്ലൊതുക്കുകളിലൂടെ...
തനിച്ചു വരും താരുണ്യമേ
എനിക്കുള്ള പ്രതിഫലമാണോ
നിന്‍റെ നാണം...നിന്‍റെ നാണം...

കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതരമിഴികളോടെ...
മനസ്സിനുള്ളില്‍ ഒളിച്ചുപിടിക്കും
സ്വപ്നരത്നഖനിയോടെ,,,
ഒരുങ്ങിവരും സൌന്ദര്യമേ...
എനിക്കുള്ള മറുപടിയാണോ
നിന്‍റെ മൌനം...നിന്‍റെ മൌനം...





സാമ്യമകന്നോരുദ്യാനമേ...

ചിത്രം : ദേവി(1972)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്

സാമ്യമകന്നോരുദ്യാനമേ
കല്‌പകോദ്യാനമേ - നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി?

മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും
കുഞ്ജകുടീരങ്ങളില്‍
ലാവണ്യവതികള്‍ ലാളിച്ചുവളര്‍ത്തും
ദേവഹംസങ്ങളേ - നിങ്ങള്‍
ദൂതുപോയൊരു മനോരഥത്തിലെന്‍
ദേവിയുണ്ടോ ദേവി?

കച്ചമണികള്‍ നൃത്തംവയ്‌ക്കും
വൃശ്ചികരാവുകളില്‍
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും
രോമഹര്‍ഷങ്ങളേ - നിങ്ങള്‍
പൂവിടര്‍ത്തിയ സരോവരത്തിലെന്‍
ദേവിയുണ്ടോ ദേവി?

വീണപൂവേ...

ചിത്രം : ജീവിക്കാന്‍ മറന്നു പോയ സ്ത്രീ(1974)
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : എം എസ് വിശ്വനാഥന്‍
ആലാപനം : കെ ജെ യേശുദാസ്


വീണപൂവേ...
കുമാരനാശാന്റെ വീണപൂവേ..
വിശ്വദര്‍ശന ചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ...
ഒരു ശുക്രനക്ഷത്രമല്ലേ നീ...

വികാരവതി നീ വിരിഞ്ഞു നിന്നപ്പോള്‍
വിരല്‍ തോട്ടുണര്‍ത്തിയ ഭാവനകള്‍
കവിഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി...കവികള്‍
മന്മഥന്‍ കുലക്കും സ്വര്‍ണ്ണധനുസ്സിലെ
മല്ലീശരമാക്കി...

വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍...
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി...ആശാന്‍
വിണ്ണിലെ കല്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കി...



ശരരാന്തല്‍ തിരി താണു...

ചിത്രം : കായലും കയറും(1979)
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : കെ വി മഹാദേവന്‍
ആലാപനം : കെ ജെ യേശുദാസ്


ശരരാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു...
മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു
വരുകില്ലേ നീ...
അലയുടെ കൈകള്‍ കരുതും തരിവള
അണിയാന്‍ വരുകില്ലേ...


അലര്‍ വിടര്‍ന്ന മടിയില്‍
അവളുടെ അഴിഞ്ഞ വാര്‍മുടിച്ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍
കിളിര്‍ത്തു നില്‍ക്കുന്നു
കേള്‍ക്കില്ലേ നീ...
കരയുടെ നെഞ്ചില്‍ പടരും തിരയുടെ
ഗാനം കേള്‍ക്കില്ലേ...

ചൊവ്വാഴ്ച, മേയ് 03, 2011

പ്രാണസഖി...

ചിത്രം : പരീക്ഷ(1969)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്


പ്രാണസഖി...
ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍...
ഗാനലോകവീഥികളില്‍
വേണുവൂതുമാട്ടിടയന്‍...

എങ്കിലുമെന്നോമലാള്‍ക്കു താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ് മഹല്‍ ഞാനുയര്‍ത്തും...
മായാത്തമധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍
കണ്മണിയെ കൊണ്ടുപോകാം...

പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോകമലര്‍വനിയില്‍
ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീലമണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍
എന്റെ കൂടെ പോരുമോ നീ

ഇന്നലെ മയങ്ങുമ്പോള്‍...

ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല(1967).
രചന : പി ഭാസ്കരന്‍.
സംഗീതം : എം എസ് ബാബുരാജ്‌.
ആലാപനം : കെ ജെ യേശുദാസ്.


ഇന്നലെ മയങ്ങുമ്പോള്‍
ഒരു മണിക്കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി
കേട്ടുണര്‍ന്നൂ...


മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണംപോലെ...
ഓര്‍ക്കാതിരുന്നപ്പോള്‍
ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നൂ...  


പൌര്‍ണമിസന്ധ്യ തന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍കോടി പോലെ...
തങ്കക്കിനാവിങ്കല്‍
ഏതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ...


വാനത്തിന്നിരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്നപോലെ...
മൂടുപടമണിഞ്ഞ
മൂകസങ്കല്പം പോലെ
മാടിവിളിക്കാതെ നീ വന്നൂ...



താമസമെന്തേ വരുവാന്‍...

ചിത്രം : ഭാര്‍ഗവീനിലയം(1964)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്


താമസമെന്തേ വരുവാന്‍
പ്രാണസഖീ...എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ...എന്റെ കണ്ണില്‍

ഹേമന്തയാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്...
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്...

തളിര്‍മരമിളകി നിന്റെ 
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ 
പാദസരം കുലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍ നിന്‍ 
മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ 
പട്ടുറുമാലിളകിയല്ലോ