താളുകള്‍

2000-2009 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2000-2009 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മാർച്ച് 03, 2013

കറുത്ത രാവിന്റെ...

ചിത്രം : നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക(2001) 
രചന : മുല്ലനേഴി 
സംഗീതം : ജോണ്‍സന്‍ 
ആലാപനം : ജി വേണുഗോപാല്‍ 

കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്തമുത്ത് 
കടല്‍ കടന്നും കണ്ണീര്‍ കടഞ്ഞും പിറന്ന മുത്ത് 
വെളുത്തമുത്തിനു തണലു നല്‍കാന്‍ നീലക്കുടയുണ്ട് 
വെളുത്തമുത്തിനു കിടന്നുറങ്ങാന്‍ വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിന് തപസ്സിരുന്നൂ താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാന്‍ താരകപ്പൊന്ന്
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി 
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ

കണ്ണുതുറന്നപ്പോള്‍ അന്തിപ്പെണ്ണിനെ കണ്ടുമോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവന്‍ കുതികുതിച്ചു
കുതിച്ചുചെന്നപ്പോള്‍ ഇരുളിന്‍ കൂരയില്‍ അവളൊളിച്ചൂ
മദിച്ചുവന്നൊരു മുത്തോ കടലിന്‍ മടിയില്‍ വീണൂ

                  

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

പ്രഭാതത്തിലെ നിഴലുപോലെ...

ചിത്രം : മധുരനൊമ്പരക്കാറ്റ്(2000)
രചന : യൂസഫലി കേച്ചേരി 
സംഗീതം : വിദ്യാസാഗര്‍
ആലാപനം :കെ ജെ യേശുദാസ്,കെ എസ്  ചിത്ര 

പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീയകന്നു നിന്നൂ...
മധ്യാഹ്ന നിഴലുപോലെ പിന്നെ നീ,യടുത്തു വന്നൂ...
നമ്മളൊന്നായ് ചേര്‍ന്നൂ...
പ്രദോഷത്തിലെ നിഴലുപോലെ ദൂരെയിരുളില്‍ മായല്ലെ...
ഓമലാളേ...ഇനിയെന്‍ ഓമലാളേ...

നീണ്ട വനവാസം കഴിഞ്ഞു വീണ്ടുമുഷസ്സു തെളിഞ്ഞൂ 
കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര... 
തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരളതംബുരു മീട്ടാം... 
കദനമൊഴുകും ഹൃദയമിനി നാം കവനസുന്ദരമാക്കാം... 

കാത്തുകാത്തീ മരുവിലിന്നൊരു വേനല്‍മഴയും വന്നൂ....
പ്രാണനാളം വേണുവാക്കി പാട്ടുപാടിത്തന്നൂ... 
ഭാവപുഷ്കലലോചനങ്ങള്‍ ഭദ്രദീപികയേന്തീ
നിശിതനിശയിലെ ഇരുളുനീക്കി കളഭകൌമുദി ചാര്‍ത്തി...                  


          

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

ആറ്റുനോറ്റുണ്ടായൊരുണ്ണി...

ചിത്രം : ശാന്തം(2000)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ആലാപനം : കെ എസ് ചിത്ര
  
ആറ്റുനോറ്റുണ്ടായൊരുണ്ണി 
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി 
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ 
അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വയ്ക്കുമ്പോള്‍
അമ്മയ്ക്കു നെഞ്ചില്‍
കുളിരാംകുരുന്നാകുമുണ്ണീ   

കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ 
മോതിരമിട്ടു തരാം...
നാക്കത്തു തേനും വയമ്പും തേച്ചമ്മ
മാറോടു ചേര്‍ത്തുറക്കാം... 
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം...

വീടോളം നീ തെളിഞ്ഞുണരുണ്ണീ    
നാടോളം നീ വളര്...
മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്കുണ്ണി  
അമ്മയോളം നീ സഹിക്ക്...
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
കാലത്തിനറ്റത്തുപോകാന്‍...     


തിങ്കളാഴ്‌ച, ജൂലൈ 09, 2012

മയ്യണിക്കണ്ണേ,,,

ചിത്രം : മോക്ഷം(2005)
രചന : കാവാലം നാരായണപ്പണിക്കര്‍
സംഗീതം : ബാലഭാസ്കര്‍
ആലാപനം : മഞ്ജരി

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്
മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ്
മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി 
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്

മാമയില്‍പ്പീലിയില്‍ 
കാര്‍മുകില്‍ നിനവില്‍
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
മാന്‍പേട പേടിയില്‍ 
പാ
യാതെ തിങ്കളില്‍

മാര്‍മറുകായ് നീ ഉറങ്ങുറങ്ങ്       
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്

ചായ്മാനം കുന്നിലെ
ചാന്തുനിറം ചാര്‍ത്തി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
ഏഴാഴി ചൂഴും ആഴയഴകിന്റെ     

താഴികക്കുളിരേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്


ശനിയാഴ്‌ച, മാർച്ച് 24, 2012

അളകങ്ങള്‍ മാടി,യെന്‍...

ചിത്രം : ശിങ്കാരി ബോലോന(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : മോഹന്‍ സിതാര 
ആലാപനം : സുജാത


അളകങ്ങള്‍ മാടി,യെന്‍ നെറുകയില്‍ ചുംബിച്ചു
പുഞ്ചിരിച്ചകലുന്ന കൈത്തെന്നലേ...
പുഴകളില്‍ ഗാനമായ് ഒഴുകുമാ മധുരം
കോരിക്കുടിക്കുവാന്‍ തോന്നും-കയ്യില്‍-
കോരിക്കുടിക്കുവാന്‍ തോന്നും...


സായന്തനത്തിന്റെ നിഴലാനയേറിയെ-
ന്നരികിലിന്നെത്തുന്ന സന്ധ്യേ...സന്ധ്യേ...
പ്രകൃതിയെ കുങ്കുമം ചാര്‍ത്തുമാ കൈകളെ  
മാറോടു ചേര്‍ക്കുവാന്‍ തോന്നും-എന്നും-  
മാറോടു ചേര്‍ക്കുവാന്‍ തോന്നും...


കാടിനെ കുളിരില്‍ക്കുളിപ്പിച്ചു നൃത്തം-
പഠിപ്പിച്ച മൃദുവര്‍ഷമേ...
നിന്‍ മഴത്തുള്ളിതന്‍ നെഞ്ചില്‍ കിരണമായ്
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും-എന്നും-      
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും...









വ്യാഴാഴ്‌ച, ഡിസംബർ 15, 2011

പുന്നെല്ലിന്‍ കതിരോലത്തുമ്പത്തു പൂത്തുമ്പി...

ചിത്രം : മെയ്ഡ് ഇന്‍ യു എസ് എ(2005)
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : വിദ്യാസാഗര്‍
ആലാപനം : പി ജയചന്ദ്രന്‍


പുന്നെല്ലിന്‍ കതിരോലത്തുമ്പത്തു പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാം...
പുഴവക്കില്‍ പൂക്കൈത കുളിര്‍നിലാചന്ദന-
ക്കുറിയിട്ടുനില്‍ക്കുന്ന കാഴ്ച കാണാം...
എന്നിനി...എന്നിനി...പോകും നാം
എന്‍റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ...


കദളിപ്പൊന്‍കൂമ്പില്‍ നിന്നിത്തിരിതേനൂറ്റി
കവിളത്തു മുത്തം പകര്‍ന്നൊരമ്മ-
അവസാന നിദ്രകൊള്ളും കുഴിമാടത്തില്‍
അണയാത്തിരിയായെരിഞ്ഞു നില്‍ക്കാം...
കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുമാ
കാതരസ്നേഹത്തെയോര്‍ത്തിരിക്കാം...


കിളിപോയ തൂക്കണാംകുരുവിക്കൂടദ്ഭുത-
മിഴിയോടെ കാണും കളിത്തോഴി
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍
അവളുണ്ടൊരേ കുടക്കീഴിലിന്നും...
കാണാതെ പോയ കണ്‍മാണിക്യം തേടുന്ന
കാഞ്ചനനാഗത്തിന്‍ കഥപറയാം...                  
  
 

   

ശനിയാഴ്‌ച, നവംബർ 05, 2011

കഥയ മമ കഥയ മമ...

ചിത്രം : കേരള കഫേ(2009)
രചന : റഫീക്ക് അഹമ്മദ്‌
സംഗീതം : ബിജിബാല്‍
ആലാപനം : പി ജയചന്ദ്രന്‍


കഥയ മമ കഥയ മമ കഥകളതിസാദരം...  
കഥകളതിസാദരം...  
പലകോടി ജന്‍മങ്ങള്‍ കുമിളകളായുതിര്‍ന്നുടയും 
കഥാസരിത്‌സാഗരസീമയില്‍,
കഥകളാകുന്നു നാ,മറിവീലയെങ്കിലും
അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുമിയുള്‍കഥ
കഥകളാല്‍ നീഭൃതമീ പ്രകൃതിയും...


കഥകളീ കടലുകള്‍ കുലശൈലശൃംഗങ്ങള്‍
കഥതന്നെ വഴിനീളെ യടരുമീ ഇലകളും..
കദനമായെരിയുമായുസ്സിന്‍റെ തിരികെട്ടു-
കഥകഴിയുമ്പോള്‍ തുടങ്ങുന്നു പുതിയതൊ-
ന്നവസാനമില്ലാതെ കഥനമോ തുടരുന്നു..
തുടരുന്നു...തുടരുന്നു...

വഴിയോരസത്രത്തിലപരാഹ്നവേളയില്‍
ഒരുമിച്ചുകൂടിപ്പിരിഞ്ഞു പോകുംവരെ
പറയുക...പറയുക...കഥകള്‍ നിരന്തരം
കഥ പറഞ്ഞങ്ങനെ കഥകളായ് കാലത്തി-
ലലിയുക അതിലൊരു കഥയില്ലയെങ്കിലും
കഥകളേക്കാള്‍ ഭാരമില്ല ഭൂമിക്കുമെന്നറിയുക...
ആഴമില്ലൊരു സമുദ്രത്തിനും...      
           
    

വെള്ളിയാഴ്‌ച, നവംബർ 04, 2011

മുള്ളുള്ള മുരിക്കിന്‍മേല്‍...

ചിത്രം : വിലാപങ്ങള്‍ക്കപ്പുറം(2008)
രചന : ഗിരീഷ്‌ പുത്തഞ്ചേരി 
സംഗീതം : എം ജയചന്ദ്രന്‍
ആലാപനം : മഞ്ജരി

മുള്ളുള്ള മുരിക്കിന്‍മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തോരു പനിനീര്...പനിനീര്...
കാറ്റൊന്നനങ്ങിയാല്‍ കരള്‍ നൊന്തുപിടയുന്ന
കണ്ണാടിക്കവിളത്തെ കണ്ണുനീര്...കണ്ണുനീര്...

മാടപ്പിറാവിന്‍റെ മനസ്സുള്ള നിന്‍റെ മാറില്‍ 
മൈലാഞ്ചിച്ചോരകൊണ്ട് വരഞ്ഞതാര്...
മൊഞ്ചേറും ചിറകിന്‍റെ തൂവല്‍ നുള്ളിയെടുത്തിട്ട്
പഞ്ചാരവിശറി വീശി തണുത്തതാര്...


നെഞ്ചില് തിളയ്ക്കണ സങ്കടക്കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ,
മൈമായും മിഴിത്തുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം പൊന്നേ...             

          
  

തിങ്കളാഴ്‌ച, ജൂലൈ 19, 2010

ഹൃദയഗീതമായ് കേള്‍പ്പു...

ചിത്രം : അമ്മക്കിളിക്കൂട്(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി 
സംഗീതം : രവീന്ദ്രന്‍
ആലാപനം : പി.സുശീല




ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ
സ്നേഹഗാനധാര...
വിശ്വമാകവേ പുല്കിനില്‍ക്കുമാ
ജീവരാഗധാര...
അലയാഴി പോലെ....തൊഴു കൈകളോടെ....
ആ പ്രേമമന്ത്രനെടുവീര്‍പ്പു ഞങ്ങള്‍ പാടുന്നൂ...

നിന്‍റെ മനോഹര നാമാവലികള്‍
പാടി,കടലും തിരയും...
നിന്നോടലിയാന്‍ ശ്രുതിമീട്ടുന്നൂ
പാവം മാനവജന്‍മം.
ഒന്നു നീ കൈചേര്‍ക്കുകില്‍
കരളില്‍ നിറയുമമൃതം...അമൃതം...

ജീവിതവീഥിയില്‍ ഇരുളണയുമ്പോള്‍
സാന്ത്വനഗാനം നീളേ...
കണ്ണുംകരളും കര്‍മ്മകാണ്ഡങ്ങളും
കനിവും പൊരുളും നീയേ...
ശ്വാസവും ആശ്വാസവും
തവപദങ്ങള്‍ മാത്രം...