താളുകള്‍

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

ജനനീ...ജഗദ്‌ജനനീ...


ചിത്രം : കാവ്യമേള(1965)
രചന : വയലാര്‍ രാമവര്‍മ്മ 
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്  

ജനനീ...ജഗദ്‌ജനനീ...
ജനനമരണ ദുഃഖനിവാരിണീ   
ജയജയ നിത്യപ്രകാശിനീ 
ജനനീ...ജഗദ്‌ജനനീ...

മായായവനികക്കപ്പുറമല്ലോ 
മധുരാധാരമാം നിന്‍ മണിപീഠം...
കാലമാം കടലിന അക്കരെയല്ലോ 
ഗോപുരരത്നകവാടം...നിന്‍
ഗോപുരരത്നകവാടം...

മനസ്സിലെ കണ്ണു തുറന്നു തരേണം
മായേ നിന്‍പദം കാണുമാറാകണം...
നിന്‍ നീലാഞ്ജനവിഗ്രഹമാകെ
ഈ കണ്ണുനീര്‍കാവടിയാടേണം...       
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു
നിര്‍മ്മാല്യപുഷ്പം ചൂടേണം...    
   


ആറ്റുനോറ്റുണ്ടായൊരുണ്ണി...

ചിത്രം : ശാന്തം(2000)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ആലാപനം : കെ എസ് ചിത്ര
  
ആറ്റുനോറ്റുണ്ടായൊരുണ്ണി 
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി 
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ 
അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വയ്ക്കുമ്പോള്‍
അമ്മയ്ക്കു നെഞ്ചില്‍
കുളിരാംകുരുന്നാകുമുണ്ണീ   

കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ 
മോതിരമിട്ടു തരാം...
നാക്കത്തു തേനും വയമ്പും തേച്ചമ്മ
മാറോടു ചേര്‍ത്തുറക്കാം... 
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം...

വീടോളം നീ തെളിഞ്ഞുണരുണ്ണീ    
നാടോളം നീ വളര്...
മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്കുണ്ണി  
അമ്മയോളം നീ സഹിക്ക്...
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
കാലത്തിനറ്റത്തുപോകാന്‍...     


തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

മഞ്ഞുപെയ്യുന്ന രാത്രിയില്‍...

ചിത്രം : പുറപ്പാട്(1990) 
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : ഔസേപ്പച്ചന്‍ 
ആലാപനം : എം ജി ശ്രീകുമാര്‍ 

മഞ്ഞു പെയ്യുന്ന രാത്രിയില്‍ 
എന്റെ മണ്‍ചിരാതും കെടുത്തീ ഞാന്‍ 
അമ്മ കൈവിട്ട പിഞ്ചുപൈതലൊ-
ന്നെന്‍  മനസ്സില്‍ കരഞ്ഞുവോ?
എന്‍ മനസ്സില്‍ കരഞ്ഞുവോ?

സ്വര്‍ണപുഷ്പങ്ങള്‍ കയ്യിലേന്തിയ   
സന്ധ്യയും പോയ്മറഞ്ഞൂ...
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി 
ഈ വഴി ഞാനലയുന്നൂ...
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ 
കാട്ടുപക്ഷിതന്‍ നൊമ്പരം.

കണ്ണുചിമ്മുന്ന താരകങ്ങളേ
നിങ്ങളില്‍ത്തിരയുന്നു ഞാന്‍ 
എന്നില്‍ നിന്നുമകന്നൊരാ
സ്നേഹസുന്ദരമുഖഛയകള്‍ 
വേദനയോടെ വേര്‍പിരിഞ്ഞാലും 
മാധുരി തൂകുമോര്‍മ്മകള്‍... 






അമ്പലമില്ലാതെ...

ചിത്രം : പാദമുദ്ര(1988)
രചന : ഹരി കുടപ്പനക്കുന്ന്  
സംഗീതം : വിദ്യാധരന്‍ 
ആലാപനമ : കെ ജെ യേശുദാസ്


നമ പാര്‍വതീപതേ  
ഹര ഹര മഹാദേവ... 
ശ്രീശങ്കര നാമസങ്കീര്‍ത്തനം 
ഗോവിന്ദ ഗോവിന്ദ...

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും 
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ 
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ 

ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട് 
കല്‍ച്ചിറയുണ്ടിവിടെ 
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ  
നിത്യവും നിന്റെ നാമം. 

മുടന്തനും കുരുടനും ഊമയും 
ഈ വിധ ദുഖിതരായവരും 
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന  
ശംഭുവേ കൈതൊഴുന്നേന്‍ 

അരൂപിയാകിലും ശങ്കരലീലകള്‍ 
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം...
വെള്ളിക്കുന്നും ചുടലക്കാടും 
വിലാസനര്‍ത്തനരംഗങ്ങള്‍...
ഉടുക്കിലുണരും ഒംകാരത്തിന്‍ 
ചോടുകള്‍ ചടുലമായ് ഇളകുന്നൂ...
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാരകേളികളാടുന്നൂ...

കാമനെച്ചുട്ടോരു കണ്ണില്‍ കനലല്ല 
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ!
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് 
ഒളിസേവ ചെയ്യുന്നൂ മുക്കണ്ണന്‍ 




ബുധനാഴ്‌ച, ജൂലൈ 11, 2012

എന്നോടൊത്തുണരുന്ന...

ചിത്രം : സുകൃതം(1994) 
രചന : ഓ എന്‍ വി കുറുപ്പ് 
സംഗീതം : ബോംബെ രവി 
ആലാപനം : കെ ജെ യേശുദാസ് 

പോരൂ...പോരൂ...
എന്നൊടൊത്തുണരുന്ന പുലരികളേ...
എന്നൊടൊത്തു കിനാവുകണ്ടു-
ചിരിക്കുമിരവുകളേ...    
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ... 

ഒരു കുടന്ന നിലാവു കൊണ്ടെന്‍
നെറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ... 
നിഴലുമായിണചേര്‍ന്നു നൃത്തംചെയ്ത പകലുകളേ...
പോരൂ...പോരൂ...
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ... 

തുളസി വെറ്റില തിന്നു ചുണ്ടു
തുടുത്ത സന്ധ്യകളേ...
തുയിലുണര്‍ത്താന്‍ വന്നൊരോണ-
ക്കിളികളേ നന്ദി...
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളേ...
ഹൃദയമെരിയേ അലരിമലരായ്
പൂത്തിറങ്ങിയ വേനലേ...
നന്ദി...നന്ദി...
യാത്ര തുടരുന്നൂ...ശുഭയാത്ര നേര്‍ന്നു വരൂ... 
                            


തിങ്കളാഴ്‌ച, ജൂലൈ 09, 2012

മയ്യണിക്കണ്ണേ,,,

ചിത്രം : മോക്ഷം(2005)
രചന : കാവാലം നാരായണപ്പണിക്കര്‍
സംഗീതം : ബാലഭാസ്കര്‍
ആലാപനം : മഞ്ജരി

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്
മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ്
മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി 
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്

മാമയില്‍പ്പീലിയില്‍ 
കാര്‍മുകില്‍ നിനവില്‍
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
മാന്‍പേട പേടിയില്‍ 
പാ
യാതെ തിങ്കളില്‍

മാര്‍മറുകായ് നീ ഉറങ്ങുറങ്ങ്       
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്

ചായ്മാനം കുന്നിലെ
ചാന്തുനിറം ചാര്‍ത്തി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
ഏഴാഴി ചൂഴും ആഴയഴകിന്റെ     

താഴികക്കുളിരേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്...ഉറങ്ങുറങ്ങ്


വെള്ളിയാഴ്‌ച, മേയ് 18, 2012

കനകഗഗനതല കാന്തി മറഞ്ഞു

ചിത്രം : ആരണ്യം(1981)
രചന : പി ഭാസ്കരന്‍
സംഗീതം : പുകഴേന്തി
ആലാപനം : കെ ജെ യേശുദാസ്

കനകഗഗനതല കാന്തി മറഞ്ഞു
കാളിമ വന്നു നിറഞ്ഞൂ...
രാത്രി വരുന്നൂ...താവളമെവിടെ...
യാത്രക്കാരാ ചൊല്ലൂ....

കദനത്തിന്‍ കൊടുംഭാരം പേറി
കഴലും മനവും നീറി...
മിഴിനീര്‍ വീണുനനഞ്ഞൊരു വഴിയില്‍   
നിഴലിന്‍ നീളം ഏറി...

മാനായ്‌ത്തീര്‍ന്നൊരു മാരീചന്‍ പോല്‍
മായികമായൊരു സ്വപ്നം...സ്വപ്നം...
മാടി വിളിപ്പൂ മൂഡാ നിന്നെ!
തേടുവതെന്തീ ഇരുളില്‍...

വഴിയില്‍ക്കാണും കുടിലില്‍ നിന്നൊരു 
വളകിലുക്കം കേള്‍പ്പൂ...
പധികാ ചെല്ലൂ...മുട്ടി വിളിക്കൂ...
പാതയിരുണ്ടു വരുന്നൂ...