താളുകള്‍

ശനിയാഴ്‌ച, ജൂലൈ 30, 2011

പണ്ടൊരിക്കല്‍ ആറ്റുവക്കില്‍...

ചിത്രം : മായാവി(1965)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌ 
ആലാപനം : പി ലീല

പണ്ടൊരിക്കല്‍ ആറ്റുവക്കില്‍ 
പന്തലിച്ച മാഞ്ചുവട്ടില്‍
കൊച്ചു കൊച്ചു കൊമ്പുകള്‍ കൊണ്ടൊരു 
കൊട്ടാരം കെട്ടി നമ്മള്‍ കൊട്ടാരം കെട്ടി...

രാജാവായ്‌ നീയിരുന്നു
റാണിയായ് നീയിരുന്നു      
കാണാക്കിനാക്കള്‍ കണ്ടതോര്‍മ്മയുണ്ടോ...
ഭവാനോര്‍മ്മയുണ്ടോ...

തൊട്ടടുത്ത മാവില്‍ നിന്നും
കട്ടെടുത്ത മാമ്പഴങ്ങള്‍ 
കാട്ടുകിളി കാഴ്ച വെച്ചതോര്‍മ്മയുണ്ടോ    

പച്ചമണല്‍ പായസമായ് 
അത്തിയില പര്‍പ്പടമായ് 
അത്താഴം ഞാന്‍ വിളമ്പിയതോര്‍മ്മയുണ്ടോ
ഭാവാനോര്‍മ്മയുണ്ടോ...



ശനിയാഴ്‌ച, ജൂലൈ 16, 2011

കണ്മണി നീയെന്‍ കരം പിടിച്ചാല്‍...

ചിത്രം : കുപ്പിവള(1965)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്‌
ആലാപനം : എ എം രാജ,പി സുശീല


കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...എനിക്ക്
കണ്ണുകളെന്തിനു വേറെ.
കാണാനുള്ളത് കരളില്‍ പകരാന്‍ 
ഞാനുണ്ടല്ലോ ചാരെ...കണ്ണായ്
ഞാനുണ്ടല്ലോ ചാരെ.


കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ...
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ തൂ-         
വസന്തമെന്തെന്നറിയും ഞാന്‍...


കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ 
കളിചിരി നാദം കേള്‍പ്പിക്കാം...
സുന്ദരരാവില്‍ നൃത്തം ചെയ്യൂ
ചന്ദ്രികയെന്തെന്നറിയും ഞാന്‍-വെണ്‍-
ചന്ദ്രികയെന്തെന്നറിയും ഞാന്‍...



പാര്‍വണേന്ദുവിന്‍ ദേഹമടക്കി...

ചിത്രം : തുറക്കാത്ത വാതില്‍(1970)
രചന : പി ഭാസ്കരന്‍
സംഗീതം : കെ രാഘവന്‍
ആലാപനം : കെ ജെ യേശുദാസ്


പാര്‍വണേന്ദുവിന്‍ ദേഹമടക്കി
പാതിരാവിന്‍ കല്ലറയില്‍
കരിമുകില്‍ കണ്ണീരടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തീ-പാവം
ഒരു തിരി വീണ്ടും കൊളുത്തീ


അകലെയകലെയായ് സാഗരവീചികള്‍
അലമുറ വീണ്ടും തുടരുന്നൂ...
കറുത്തതുണിയാല്‍ മൂടിയ ദിക്കുകള്‍
സ്മരണാഞ്ജലികള്‍ നല്‍കുന്നൂ...


വിരഹവിധുരയാം മൂവന്തി ഒരു നവ-
വധുവായ് നാളെ മണിയറ പൂകും...
കടന്നുപോയൊരു കാമുകന്‍ തന്നുടെ
കഥയറിയാതെ കാത്തിരിക്കും...





ബുധനാഴ്‌ച, മേയ് 11, 2011

സുന്ദരസ്വപ്നമേ...

ചിത്രം : ഗുരുവായൂര്‍ കേശവന്‍(1977)
രചന : പി ഭാസ്കരന്‍
 
സംഗീതം : ജി ദേവരാജന്‍
ആലാപനം : കെ ജെ യേശുദാസ്,പി ലീല 


സുന്ദരസ്വപ്നമേ 
നീയെനിക്കേകിയ
വര്‍ണ്ണച്ചിറകുകള്‍ വീശി
പ്രത്യുഷ നിദ്രയിലിന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറി

രാഗസങ്കല്പ വസന്തവനത്തിലെ
മാകന്ദമഞ്ജരി തേടി
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ

താരുണ്യസങ്കല്പ രാസവൃന്ദാവന-
താരാപഥങ്ങളിലൂടെ
പൌര്‍ണമിത്തിങ്കള്‍ ത്തിടമ്പെഴുന്നള്ളിക്കും
പൊന്നമ്പലങ്ങളിലൂടെ
പൂത്താലമേന്തിയ താരകള്‍ നില്‍ക്കുന്ന
ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാ,നെല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ






മരണദേവനൊരു വരം കൊടുത്താല്‍...

ചിത്രം : വിത്തുകള്‍(1971)
രചന : പി ഭാസ്കരന്‍
സംഗീതം : പുകഴേന്തി
ആലാപനം : കെ ജെ യേശുദാസ്


മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരു ദിനം തിരിച്ചുവന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും
ചിരിച്ചവര്‍ കണ്ണീര്‍ പൊഴിക്കും


അനുതാപ നാടകവേദിയില്‍ നടക്കും-
അഭിനയം കണ്ടവര്‍ പകയ്ക്കും
അടുത്തവര്‍ അകലും
അകന്നവര്‍ അടുക്കും
അണിയും വേഷം ചിലര്‍ അഴിക്കും


അജ്ഞാതമാനസ മരണപ്രപഞ്ചത്തില്‍
അരമന രഹസ്യങ്ങള്‍ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത കഥകള്‍ അവര്‍ ചൊല്ലും



ഞായറാഴ്‌ച, മേയ് 08, 2011

നഷ്ടസ്വര്‍ഗങ്ങളേ...

ചിത്രം : വീണപൂവ്(1983)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വിദ്യാധരന്‍ 
ആലാപനം : കെ ജെ യേശുദാസ്


നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
നഷ്ടസ്വര്‍ഗങ്ങളേ...

മനസ്സില്‍ പീലിവിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡപൂജാരിയിന്നെവിടെ
അകന്നേ പോയ്‌...മുകില്‍ അലിഞ്ഞേ പോയ്‌
അനുരാഗമാരിവില്‍ മറഞ്ഞേപോയ്‌...
നഷ്ടസ്വര്‍ഗങ്ങളേ...

കരളാലവളെന്‍ കണ്ണീരുകോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതീ
ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍ കൊഴിഞ്ഞൊരെന്‍ കാല്പാടില്‍
വീണപൂവായ് അവള്‍ പിന്നെ
അകന്നേ പോയ്‌...നിഴല്‍ അകന്നേ പോയ്‌
അഴലിന്റെ കഥയതു തുടര്‍ന്നേപോയ്‌
നഷ്ടസ്വര്‍ഗങ്ങളേ...

ഹൃദയം ദേവാലയം...

ചിത്രം : തെരുവുഗീതം(1979)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ജയവിജയ
ആലാപനം : കെ ജെ യേശുദാസ്


ഹൃദയം ദേവാലയം
പോയവസന്തം നിറമാല ചാര്‍ത്തും
ആരണ്യദേവാലയം
മാനവഹൃദയം ദേവാലയം
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം
മാനവഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പു ചാര്‍ത്താറുണ്ടിവിടെ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ...ഓര്‍മ്മകള്‍
ശീവേലി കൂടാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയ ഗുഹാക്ഷേത്രം
മാനവഹൃദയം ദേവാലയം